കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്‍മഹത്യ പ്രേരണാക്കുറ്റം ചുമത്തി. റമീസ് ഒന്നാംപ്രതിയായ കേസിൽ പിതാവ് റഹീം രണ്ടാംപ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇരുവരും ഒളിവിലാണ്.
റമീസ് അറസ്‌റ്റിലായതിന് പിന്നാലെ ഇവർ വീട് പൂട്ടി പോയതായാണ് വിവരം. യുവതിയുടെ സുഹൃത്ത് സഹദിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. യുവതിയെ റമീസ് മർദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കുറ്റം. സഹദിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. അതിനിടെ, റമീസിന്റെ മാതാപിതാക്കൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സംശയം ഉയരുന്നുണ്ട്.
ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്‌തമാക്കിയിരുന്നു. അതിനാൽ തന്നെ ഇവർ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയും റമീസും നടത്തിയ വാട്‌സ് ആപ് ചാറ്റുകളും ഇവരുടെ ഫോണിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സോന എഴുതിയ ആത്‍മഹത്യാ കുറിപ്പും കേസിൽ നിർണായക തെളിവാണ്.
അതേസമയം, റമീസിന്റെ കസ്‌റ്റഡി അപേക്ഷ അടുത്തദിവസം പരിഗണിച്ചേക്കും. റമീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് യുവതി ആത്‍മഹത്യ ചെയ്‌തത്. വിവാഹം കഴിക്കാൻ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചുവെന്നും ആലുവയിലെ വീട്ടിലെത്തിച്ചു റമീസ് തന്നെ മർദ്ദിച്ചിരുന്നതായും കത്തിലുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മലിൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറത്തുപോയ അമ്മ ബിന്ദു ശനിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് സോനയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!