മലപ്പുറം : വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. കാവനൂർ തവരാപറമ്പ് മൂപ്പാൻതൊടി വീട്ടിൽ ശിഹാബിനെ(38) ആണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിലാണ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
യാത്രക്കിടെ ഓട്ടോറിക്ഷയിൽ മുതിർന്നയാളും, 2 കുട്ടികളും വിദ്യാർഥിനിയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഇവർ വഴിയിൽ ഇറങ്ങി. ഇവരോടൊപ്പം വിദ്യാർഥിനിയും ഇറങ്ങാൻ ശ്രമിച്ചെങ്കിലും വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞു വിദ്യാർഥിനിയെ വാഹനത്തിൽ വീണ്ടും കയറ്റികൊണ്ട് പോകുകയായിരുന്നു. തുടർന്നാണ് വഴിയിൽ വച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. കുതറിയോടിയ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു.
തുടർന്ന് കുട്ടി പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയോടൊപ്പം തന്നെ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ എ ഉമേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിവി വിമൽ, പി വിജയൻ, എഎസ്ഐ എം കബീർ, സിപിഒ മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also : ഇന്ത്യൻ മാദ്ധ്യമ വ്യവസായം വളരുന്നു, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ശക്തമാകും; റിപ്പോർട്







































