കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. കേസിലെ സാക്ഷികളായ നേപ്പാൾ സ്വദേശികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കാൻ കമ്മീഷൻ ഉത്തരവിറക്കി. കേസിലെ സാക്ഷി ഹാജരാകാത്തതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചതായി കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കമ്മീഷന് കത്ത് നൽകിയിരുന്നു.
കത്തിൻമേൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർ നടപടികൾക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. കേസിലെ പീഡനത്തിന് ഇരയായ കുട്ടിയും സാക്ഷിയും നേപ്പാൾ സ്വദേശികളാണ്. സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തിന് പബ്ളിക് പ്രോസിക്യൂട്ടർക്ക് ഹർജി നൽകാം. ആവശ്യമെങ്കിൽ ഒരു പ്രത്യേക സംഘത്തെയും രൂപീകരിക്കാം.
ഇതര രാജ്യത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ സാക്ഷികളെ കോടതിയിൽ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള പ്രോട്ടോകോൾ ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പുറപ്പെടുവിക്കണം. അതേസമയം, കോടതി നിർദ്ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകാൻ കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ ബാലാവകാശ ഓഫിസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ, ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർ സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ അംഗം ബി ബബിത പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിക്കുന്നു.
Most Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്; ജാഗ്രത






































