ന്യൂഡെൽഹി: വെസ്റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ (23) ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ലൈബ്രറിയിൽ എത്തിയതെന്നാണ് വിവരം. കാലടി സ്വദേശിയായ നെവിൻ, ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയാണ്.
റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷിന്റെയും കാലടി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ. ടിഎസ് ലാൻസ്ലെറ്റിന്റേയും മകനാണ്. നെവിന് പുറമെ ടാനിയ സോണി (25), ശ്രേയ യാദവ് (25) എന്നീ വിദ്യാർഥിനികളും മരിച്ചു. മൂവരും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയിൽ എത്തിയതാണെന്നാണ് വിവരം.
രക്ഷാദൗത്യം ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടികളുടെ മൃതദേഹം ലഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നെവിന്റെ മൃതദേഹം കണ്ടെടുത്തതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. വെസ്റ്റ് ഡെൽഹി കരോൾബാഗിന് സമീപം ഗജേന്ദ്ര നഗറിലെ ബഡാ ബസാർ 11 ബിയിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്ററിലാണ് അപകടം നടന്നത്. 150 പേർക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് ബേസ്മെന്റിൽ ഉണ്ടായിരുന്നത്.
ഇവിടെ സംഭവം നടന്ന സമയത്ത് നിരവധി വിദ്യാർഥികൾ ഉണ്ടായിരുന്നു. കോച്ചിങ് സെന്ററിന്റെ സമീപത്തായി ഓടയുണ്ടായിരുന്നെന്നും ഇത് നിറഞ്ഞു കവിഞ്ഞു വെള്ളം ഇരച്ചുകയറിയതാണ് അപകട കാരണമെന്നുമാണ് വിവരം. ഇടുങ്ങിയ വഴി ആയതിനാൽ കുട്ടികൾ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി