ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) മാർക്കറ്റിങ് വിഭാഗം മേധാവി അടക്കം നാലുപേർ അറസ്‌റ്റിൽ. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസലെ, ഇവന്റ് മാനേജ്‍മെന്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡണ്ട് സുനിൽ മാത്യു, പ്രതിനിധികളായ കിരൺ, സുമന്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് ഇന്ന് രാവിലെ ഇവരെ കസ്‌റ്റഡിയിൽ എടുത്തതെന്നാണ് വിവരം. ദുരന്തത്തിൽ ആർസിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്‍മെന്റ് കമ്പനിയായ ഡിഎൻഎ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസെടുത്തതിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ആർസിബിയുടെ ഐപിഎൽ കിരീട നേട്ടത്തിന്റെ ആഘോഷ പരിപാടിക്കിടെയാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 13 വയസുകാരി ഉൾപ്പടെ 11 പേർ മരിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കർണാടക ഹൈക്കോടതി സർക്കാരിനോട് റിപ്പോർട് തേടിയിട്ടുണ്ട്. പത്തിനകം റിപ്പോർട് നൽകണം. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ആർസിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്‍മെന്റ് കമ്പനി പ്രതിനിധികളെ അറസ്‌റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.
സംഭവത്തിൽ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദയുൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ പേരിൽ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. കമ്മീഷണർ, ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണൽ കമ്മീഷണർ, സിഡിപി, അസി. പോലീസ് കമ്മീഷണർ, കബ്ബൺപാർക്ക് പോലീസ് ഇൻസ്‌പെക്‌ടർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ആരാധകരെ നിയന്ത്രിക്കുന്നതിൽ പോലീസുകാർക്ക് വീഴ്‌ചയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ സമ്മതിച്ചിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!