തിരുവനന്തപുരം: കോർപറേഷനിൽ ഇരുമുന്നണികൾക്കും വിമത ഭീഷണി. എൽഡിഎഫിനെതിരെ ശക്തരായ വിമത സ്ഥാനാർഥികളാണ് രംഗത്തുള്ളത്. വാഴോട്ടുകോണം, ഉള്ളൂർ, കാച്ചാണി, ചെമ്പഴന്തി, വിഴിഞ്ഞം വാർഡുകളിലാണ് എൽഡിഎഫിന് വിമത ഭീഷണി. സിപിഎം പ്രാദേശിക നേതാക്കളാണ് എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ രംഗത്തിറങ്ങിയത്.
ഇവരെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം അവസാനനിമിഷം വരെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടകംപള്ളി സുരേന്ദ്രൻ എംഎൽഎക്കെതിരെ ആരോപണം ഉന്നയിച്ചാണ് ഉള്ളൂരിൽ മുൻ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായ കെ. ശ്രീകണ്ഠനും ചെമ്പഴന്തിയിൽ മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി അശോകനും രംഗത്തുള്ളത്.
വാഴോട്ടുകോണം വാർഡിൽ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി അംഗം കെവി മോഹനനും കാച്ചാണിയിൽ നെട്ടയം സതീഷും വിഴിഞ്ഞത്ത് എൻഎ റഷീദും പത്രിക സമർപ്പിച്ചിട്ടുണ്ട്. യുഡിഎഫിന് കോർപറേഷനിൽ നാലിടത്താണ് വിമത ഭീഷണിയുള്ളത്.
പൗണ്ട് കടവിൽ സുധീഷ് കുമാർ, പുഞ്ചക്കരയിൽ മുൻ കൗൺസിലർ കൃഷ്ണവേണി, കഴക്കൂട്ടത്ത് ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് പി. ലാലു, വിഴിഞ്ഞത്ത് യൂത്ത് കോൺഗ്രസ് നേതാവ് സിസൈൻ ഹുസൈൻ എന്നിവരാണ് പത്രിക നൽകിയത്. ഇതിന് പുറമെ സീറ്റ് തർക്കത്തെ തുടർന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും അഞ്ച് സീറ്റിൽ മൽസരിക്കുന്നുണ്ട്.
Most Read| ശബരിമലയിൽ ഭക്തജന തിരക്ക്; നാളെ സ്പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രം







































