വാഷിങ്ടൻ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരം തീരുവ മുതൽ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ 9.30നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഇന്ത്യയ്‌ക്ക് 26 ശതമാനമാണ് പകരം തീരുവ ചുമത്തിയിരിക്കുന്നത്. എന്നാൽ, ചൈനയ്‌ക്കെതിരെ കടുത്ത നടപടിയാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 104 ശതമാനമാക്കി ഉയർത്തി. ചില ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ ചൈനയ്‌ക്കുള്ള പകരംതീരുവ 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
മുൻപ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുൾപ്പടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന തീരുവ. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നത്. അതേസമയം, ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരം തീരുവ അടിസ്‌ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതിയാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
അതിനിടെ, പകരം തീരുവ സംബന്ധിച്ച ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായിട്ടാകും ആദ്യഘട്ട ചർച്ചകൾ നടക്കുകയെന്നും വൈറ്റ് ഹൗസ് വ്യക്‌തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, യുഎസ് ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ട്രംപിന്റെ നടപടിയിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.
Most Read| വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനമിറക്കി കേന്ദ്ര സർക്കാർ








































