ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബി നടനും പ്രധാനപ്രതിയുമായ ദീപ് സിദ്ദുവിന് ജാമ്യം. ഡെൽഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയവയാണ് ഉപാധികൾ.
അന്വേഷണവുമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍ക്കൂട്ടി അറിയിക്കാതെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റരുതെന്നും കോടതി നിര്‍ദേശം നല്കി.
കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ദിനത്തിൽ നടന്ന ട്രക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം അതിക്രമിച്ചു കയറി പതാക ഉയർത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിന്റെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദുവാണെന്നാണ് ഡെൽഹി പോലീസ് ആരോപിക്കുന്നത്. ഈ സംഭവത്തിൽ ഫെബ്രുവരി 9ആം തീയതിയാണ് ദീപ് സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ദീപ് സിദ്ദു അറസ്റ്റിലായത്.
Also Read: കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ







































