മുംബൈ: റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ ചെങ്കോട്ടയിലെ സംഘർഷങ്ങളിൽ കർഷകർക്ക് പിന്തുണയുമായി ശിവസേന. കർഷകർ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്ന് ശിവസേന പറയുന്നു. കർഷകർ ചെങ്കോട്ടയിലെ ദേശീയ പതാക സ്പർശിച്ചിട്ടില്ലെന്ന് അന്നത്തെ മാദ്ധ്യമ വാർത്തകളിൽ നിന്ന് ലഭ്യമായ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ശിവസേന പറഞ്ഞു.
റിപ്പബ്ളിക് ദിനത്തിൽ കർഷകർ ദേശീയ പതാകയെ അപമാനിച്ചത് കണ്ട് രാജ്യം ഞെട്ടിപ്പോയി എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമർശിച്ച് കൊണ്ടായിരുന്നു ശിവസേനയുടെ പ്രതികരണം. കർഷകർ ഡെൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തികളിൽ വൻ സുരക്ഷാ സന്നാഹം ഒരുക്കിയ കേന്ദ്ര നടപടിയെയും ശിവസേന വിമർശിച്ചു.
ഇത്രയും സുരക്ഷാ സജ്ജീകരണങ്ങൾ ലഡാക്കിൽ ഒരുക്കിയിരുന്നെങ്കിൽ ചൈനീസ് സൈന്യം നമ്മുടെ ഭൂമിയിൽ കടന്ന് കയറില്ലായിരുന്നു. ഇന്ത്യയുടെ ഭൂമിയിൽ ചൈനീസ് സൈന്യം കയറിയതാണ് ദേശീയ പതാകക്ക് അപമാനമെന്നും പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ശിവസേന പറഞ്ഞു.
കർഷകർ ദേശീയ പതാകയെ അപമാനിച്ചു എന്നത് കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി തയാറാക്കിയ കുപ്രചാരണം ആണെന്ന് ശിവസേന ആരോപിച്ചു. ഒരു കൂട്ടം കർഷകർ നിയമം
ലംഘിച്ചു എന്നത് സത്യമാണ്. അവർക്കെതിരെ നടപടി വേണം. എന്നാൽ, ഇതിന്റെ പേരിൽ കർഷക പ്രതിഷേധത്തെ ഒന്നാകെ രാജ്യവിരുദ്ധമാണെന്ന് പറയുന്നത് തെറ്റാണെന്നും ശിവസേന പറഞ്ഞു.
കഴിഞ്ഞ 60 ദിവസമായി രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരെ കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നില്ല എന്നതാണ് യഥാർഥത്തിൽ അപമാനം. ബിജെപിയുടെ സൈബർ ആർമിയെക്കാൾ രാജ്യസ്നേഹം ഉള്ളവരാണ് കർഷകർ. അതിനാലാണ് റിപ്പബ്ളിക് ദിനത്തിൽ നടന്ന റാലിയിൽ തങ്ങളുടെ ട്രാക്ടറുകളിൽ കർഷകർ ദേശീയ പതാക സ്ഥാപിച്ചതെന്നും ശിവസേന ചൂണ്ടിക്കാട്ടി.
ജീവൻ പണയം വെച്ച് രാജ്യത്തിന്റെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികരിൽ പലരും കർഷകരുടെ മക്കളാണ്. അതുകൊണ്ട് തന്നെ, ദേശീയ പതാകയെ എങ്ങനെയാണ് കർഷകർക്ക് ബഹുമാനിക്കാതിരിക്കാൻ കഴിയുന്നതെന്നും ശിവസേന ചോദിച്ചു.
Also Read: കർഷക പ്രശ്നം; പാർലമെന്റിൽ 15 മണിക്കൂർ ചർച്ച; എംപിമാർക്ക് സസ്പെൻഷൻ








































