ന്യൂഡെൽഹി: 27 വർഷത്തിനൊടുവിൽ ഡെൽഹിയിൽ ഭരണത്തിലേറി ബിജെപി സർക്കാർ. ഡെൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌ത സത്യപ്രതിജ്‌ഞ ചെയ്‌തു. ലഫ്. ഗവർണർ വികെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെയുള്ളവരെ പങ്കെടുത്തു.
”ഡെൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രതിജ്‌ഞാബദ്ധയാണെന്ന് രേഖ ഗുപ്‌ത പറഞ്ഞു. ഡെൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനും ശാക്‌തീകരണത്തിനും സമഗ്ര വികസനത്തിനും വേണ്ടി പൂർണ സത്യസന്ധതയോടും സമഗ്രതയോടും സമർപ്പണത്തോടും കൂടി പ്രവർത്തിക്കും. എന്നിൽ വിശ്വാസമർപ്പിച്ചതിന് പ്രധാനമന്ത്രിക്കും ബിജെപിയുടെ ഉന്നത നേതൃത്വത്തിനും നന്ദി”- രേഖ ഗുപ്‌ത പറഞ്ഞു.
ഉപമുഖ്യമന്ത്രിമാരായി പർവേശ് വർമയും മന്ത്രിമാരായി ബിജെപി എംഎൽഎമാരായ ആശിഷ് സൂദ്, മൻജീന്ദർ സിങ് സിർസ, രവീന്ദർ ഇന്ദ്രജ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും സ്‌ഥാനമേറ്റു. 20 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഡെൽഹി തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കളും പ്രവർത്തകരും ചടങ്ങിനെത്തി.
1947ൽ ഹരിയാനയിലെ ജുലാനയിൽ ജനിച്ച രേഖ ഗുപ്‌ത, ചെറുപ്പം മുതൽ ആർഎസ്എസ് ആശയങ്ങളിൽ ആകൃഷ്‌ടയായിരുന്നു. ബാങ്ക് ജീവനക്കാരനായ പിതാവിന്റെ ജോലി ആവശ്യാർഥം കുഞ്ഞുന്നാളിലേ ഡെൽഹിയിലെത്തി. പിന്നീട് ഡെൽഹി പ്രവർത്തന കേന്ദ്രമാക്കി. ഡെൽഹി സർവകലാശാലയ്‌ക്ക് കീഴിലെ ദൗലത് റാം കോളേജിൽ എബിവിപിയുടെ സജീവ പ്രവർത്തകയായ മാറിയ രേഖ, വൈകാതെ ഡെൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി.
2007ൽ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ കൗൺസിലറായാണ് പാർലമെന്ററി രാഷ്‌ട്രീയം തുടങ്ങുന്നത്. രണ്ടുതവണ കൗൺസിലറും സൗത്ത് ഡെൽഹി മുനിസിപ്പൽ കോർപറേഷൻ മേയറുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാലിമാർബാർഗിൽ നിന്നാണ് രേഖ ഗുപ്‌ത വിജയിച്ചത്. ഡെൽഹിയിലെ നാലാമത്തെയും ബിജെപിയുടെ രണ്ടാമത്തെയും വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്‌ത.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി