വയനാട്: ജില്ലയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ തുടക്കത്തിലും ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി മിക്ക ദിവസങ്ങളിലും എണ്ണൂറിൽ താഴെ മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇത് ജില്ലയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമാണ്. അതേസമയം, കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചതാണ് രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്.
ഇന്നലെ ജില്ലയിൽ 443 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഈ മാസം 12ന്-566, 13-445, 14-296, 15-869, 16-740, 17-639, 18-452 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഈ മാസം തുടക്കത്തിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം പതിനായിരം കടന്നിരുന്നു. എന്നാൽ, നിലവിൽ 7,313 പേരാണ് ചികിൽസയിലുള്ളത്. ഇതിൽത്തന്നെ 6,058 പേരും വീടുകളിലാണ് ചികിൽസയിൽ കഴിയുന്നത്. കോവിഡ് വാക്സിനേഷനിലും ജില്ല മികച്ച പുരോഗതിയാണ് കൈവരിച്ചത്.
സംസ്ഥാനത്ത് തന്നെ ഒന്നും രണ്ടും വാക്സിനേഷൻ കൂടുതൽ പൂർത്തിയായതും ജില്ലയിൽ തന്നെയാണ്. 18 വയസിന് മുകളിലുള്ള 44 ശതമാനം പേരും രണ്ടാം ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തിൽത്തന്നെ 32 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചത്. അതേസമയം, ജില്ലയിലെ ആരോഗ്യപ്രവർത്തകരിൽ 91 ശതമാനം പേരും കോവിഡ് പ്രതിരോധ മുൻനിര പ്രവർത്തകരിൽ 89 ശതമാനം പേരും രണ്ടാം ഡോസും സ്വീകരിച്ചു. ആദ്യ ഡോസ് വാക്സിനേഷൻ ജില്ലയിൽ സമ്പൂർണമാണ്.
Read Also: കോവിഡ് വ്യാപനം; സംസ്ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന







































