കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മതിയായ ചികിൽസ ലഭിക്കാതെ മരിച്ചത്. കലശലായ പനി മൂലം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമ പനി ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ വൈദ്യചികിൽസ നൽകാതെ മന്ത്രവാദ ചികിൽസ നൽകിയതിയതാണ് മരണകാരണമെന്ന് കാണിച്ച് പിതൃസഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരിക്കുന്നത്. അതേസമയം, ഫാത്തിമയ്ക്ക് ശരിയായ രീതിയിലുള്ള ചികിൽസ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിൽസ നൽകാൻ താത്പര്യം ഇല്ലാത്ത, പകരം മതപരമായ ചികിൽസകൾ നൽകിയാൽ മതിയെന്ന് വിശ്വസിക്കുന്നവരാണ് ഫാത്തിമയുടെ കുടുംബമെന്നാണ് നാട്ടുകാർ ആരോപിച്ചത്.
അതേസമയം, ഫാത്തിമയുടെ പോസ്റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നിട്ടുണ്ട്. ശ്വാസകോശത്തിലെ അണുബാധ, അനീമിയ, കടുത്ത പനി എന്നിവയാണ് മരണകാരണമെന്നാണ് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മുൻപും ഇത്തരത്തിൽ കൊടപ്പറമ്പ്, നാലുവയൽ പ്രദേശത്ത് മന്ത്രവാദ ചികിൽസയെ തുടർന്ന് മൂന്ന് മരണങ്ങൾ നടന്നിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസും എടുത്തിരുന്നു.
Most Read: ശമ്പള പരിഷ്കരണം; സർക്കാർ ഡോക്ടർമാരുടെ നിൽപ്പ് സമരം ഇന്ന് മുതൽ

































