കണ്ണൂർ: ജില്ലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ജനകീയ കൂട്ടായ്‌മ രംഗത്ത്. കണ്ണൂരിലെ മലയോര മേഖലയായ പാലപ്പുഴ മുതൽ കാണിച്ചാർ കാളികയം വരെയുള്ള മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയുമായി ജനകീയ കൂട്ടായ്‌മ രംഗത്തെത്തിയിരിക്കുന്നത്. വനമേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്താനായി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വൈദ്യുതി തൂക്കുവേലികൾ സ്‌ഥാപിച്ചു.
വനമേഖലയിലെ എട്ടര കിലോമീറ്റർ ദൂരത്തിലാണ് വേലി നിർമിച്ചത്. വനാതിർത്തിയിൽ വനംവകുപ്പ് സ്‌ഥാപിച്ച പ്രതിരോധങ്ങൾ മറികടന്നാണ് കാട്ടാനകൾ ജനവാസ മേഖലകളിൽ എത്തുന്നത്. ആനശല്യം രൂക്ഷമായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചത്. വേലി സ്‌ഥാപിക്കാനുള്ള പണം കണ്ടെത്തിയതും കൂട്ടായ്‌മ തന്നെയാണ്. എട്ടര കിലോമീറ്റർ ദൂരമുള്ള വേലി ഒരു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ആറ് സെക്കൻഡ് ഇടവേളകളിൽ പത്ത് കിലോവാട്ട് വൈദ്യുതി പ്രവഹിക്കുന്ന സംവിധാനമാണ് വേലിയിലുള്ളത്. വൈകീട്ട് ഏഴ് മുതൽ രാവിലെ ആറ് വരെയാണ് വേലി പ്രവർത്തിപ്പിക്കുക. അഞ്ചുലക്ഷം രൂപയോളമാണ് വേലിക്ക് ചിലവായത്. ഇടവിട്ട് മാത്രം വൈദ്യുതി പ്രവഹിക്കുന്നതിനാൽ ഷോക്കേറ്റാലും ആനയ്‌ക്ക് അപകടമൊന്നും സംഭവിക്കില്ല.
Most Read: ഇരുട്ടടിയായി ഇന്ധനവില; വർധന തുടർച്ചയായ അഞ്ചാം ദിവസവും


































