ന്യൂഡെൽഹി: ടെലികമ്യൂണിക്കേഷൻ കമ്പനിയായ നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ആഗോളതലത്തിൽ നടക്കുന്ന പുനഃസംഘടനാ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ജീവനക്കാർക്കായി ചെലവഴിച്ച തുക ഇനിമുതൽ ഗവേഷണത്തിനും വികസനത്തിനും വേണ്ടി ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയടക്കം ആഗോളതലത്തിൽ തന്നെ നോക്കിയയുടെ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചേക്കാം. നവീകരണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം. കാര്യങ്ങൾ ഉടൻ തന്നെ വിശദീകരിക്കുമെന്നും ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും നോക്കിയ വക്‌താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാ പസഫിക് റീജിയണിൽ മാത്രം 20,511 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഇതിൽ 1500 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ബെംഗളൂരു, ചെന്നൈ, ഗുഡ്‌കാവ്, മുംബൈ, നോയിഡ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നോക്കിയയുടെ പ്രവർത്തനം.
ഇതിന് പുറമെ രാജ്യത്ത് 26 നഗരങ്ങളിൽ കമ്പനിക്ക് പ്രോജക്‌ട് ഓഫീസുകളും നോയിഡയിലും ചെന്നൈയിലും ഗ്‌ളോബൽ ഡെലിവറി സർവീസുകളുമുണ്ട്. ഇവിടങ്ങളിൽ മാത്രം 4200 പേരാണ് ജോലി ചെയ്യുന്നത്.
Also Read: റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്