ബെയ്‌റൂട്ട്: ഹിസ്ബുല്ലയ്‌ക്ക് വീണ്ടും തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ നേതാക്കളിൽ ഒരാളായ കമാൻഡർ നബീൽ കൗക്കിനെയും വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു.
വെള്ളിയാഴ്‌ച ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല വധിക്കപ്പെട്ടതിന് പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്‌ക്ക് കനത്ത തിരിച്ചടിയാണ്. ശനിയാഴ്‌ച നടത്തിയ ആക്രമണത്തിലാണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞെങ്കിലും ഹിസ്ബുല്ല ഇതുവരെ സംഭവം സ്‌ഥിരീകരിച്ചിട്ടില്ല. ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡെപ്യൂട്ടി മേധാവിയായ നബീൽ കൗക്ക് എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗമാണ്.
1980 മുതൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകൾ വ്യക്‌തമാക്കാനും സുരക്ഷാ കാര്യങ്ങളടക്കം ചർച്ച ചെയ്യാനും മാദ്ധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്‌റല്ലയുടെ പിൻഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു.
ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്‌റല്ലയുടെ (64) മരണത്തെ തുടർന്ന് ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസൻ നസ്‌റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പും നൽകി. വെള്ളിയാഴ്‌ച തെക്കൻ ലബനനിലെ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത്.
Most Read| സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്