ന്യൂഡെൽഹി: 77ആംമത് റിപ്പബ്ളിക് ദിനാഘോഷം നാളെ. റിപ്പബ്ളിക് ദിന പരേഡിനായുള്ള എല്ലാ സജ്‌ജീകരണങ്ങളും ഡെൽഹിയിലെ കർത്തവ്യപഥിൽ പൂർത്തിയായി. തിങ്കളാഴ്‌ച രാവിലെയാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്‍ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
പത്‌മപുരസ്‌കാരങ്ങളും സൈനിക പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. ആഘോഷങ്ങളിലെ മുഖ്യാതിഥികളായ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് കൂടിക്കാഴ്‌ച നടത്തും. യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെയർ ലെയൻ ഇന്നലെ ഡെൽഹിയിൽ എത്തിയിരുന്നു.
യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് അന്റോണിയോ കോസ്‌റ്റ ഇന്ന് ഉച്ചകഴിഞ്ഞ് എത്തും. നാളെ റിപ്പബ്ളിക് ദിന പരേഡിൽ ഇരുവരും മുഖ്യാഥിതികളായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ച ചൊവ്വാഴ്‌ച നടക്കും. ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയ്‌ക്കുശേഷം അംഗീകരിക്കും.
റിപ്പബ്ളിക് ദിനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ഡെൽഹി. പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, റിപ്പബ്ളിക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങൾ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്‌തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്‌ഥർക്ക് കർശന നിർദ്ദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റു വസ്‌തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു
പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട് ചെയ്യാൻ പൊതുനങ്ങളോടും ഉദ്യോഗസ്‌ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന റെയിൽവേ സ്‌റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്‌തമാക്കുന്നതിലൂടെ അനിഷ്‌ട സംഭവങ്ങൾ തടയാനാണ് റെയിൽവേ സുരക്ഷാ വിഭാഗം ലക്ഷ്യമിടുന്നത്.
Most Read| ‘ആക്രമണം നേരിടാൻ ഇറാൻ പൂർണ സജ്‌ജം, ഖമനയി ഒളിച്ചിരിക്കുകയല്ല, സുരക്ഷിതൻ’







































