ഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചതായി കർഷക സംഘടനകൾ. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തി ഡെൽഹി നഗരത്തിൽ ജനുവരി 26ന് റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പോലീസുമായി ധാരണയിലെത്തിയെന്നും കർഷക സംഘടനകൾ അറിയിച്ചു.
റാലി സമാധാനപരം ആയിരിക്കുമെന്നും റിപ്പബ്ളിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ നടത്തുമെന്നും കർഷകർ സംഘടനകൾ അറിയിച്ചു. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും. ട്രാക്ടർ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ഡെൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കർഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പോലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്.
ഈ നിർദ്ദേശമാണോ കർഷകർ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ഡെൽഹി നഗരത്തിലൂടെ റാലി നടത്താൻ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പോലീസ് നിലപാട്. അതേസമയം ട്രാക്ടർ റാലി നിയന്ത്രിക്കാൻ ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കാൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 31ആം തീയതി വരെ നോയിഡയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.







































