അതിപിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാം; സംവരണം ശരിവെച്ച് സുപ്രീം കോടതി

"എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ചുരുക്കം ചിലർ മാത്രമാണ് സംവരണം അനുഭവിക്കുന്നത്. അടിസ്‌ഥാന യാഥാർഥ്യങ്ങൾ നിഷേധിക്കാനാവില്ല, എസ്‌സി/എസ്‌ടികൾക്കുള്ളിൽ നൂറ്റാണ്ടുകളായി കൂടുതൽ അടിച്ചമർത്തൽ നേരിടുന്ന വിഭാഗങ്ങളുണ്ട്," - ജസ്‌റ്റിസ്‌ ഗവായ്

By Desk Reporter, Malabar News
supreme-court
Rep. Image
Ajwa Travels

ന്യൂഡെൽഹി: പിന്നാക്ക സമുദായങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം അംഗീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച് ജസ്‌റ്റിസ് ബേല ത്രിവേദിയുടെ വിയോജിപ്പോടെയാണ് ഉപസംവരണം അംഗീകരിച്ചത്.

സംവരണത്തിനായി പട്ടികജാതി വിഭാഗങ്ങളുടെ ഉപവിഭാഗങ്ങൾ സൃഷ്‍ടിക്കാൻ സംസ്‌ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ 2005ലെ വിധി ചീഫ് ജസ്‌റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് റദ്ദാക്കി. അങ്ങനെ, 2006ലെ പഞ്ചാബ് പട്ടികജാതി, പിന്നാക്ക വിഭാഗ നിയമവും തമിഴ്‌നാട് അരുന്തതിയാർ നിയമവും കോടതി ശരിവച്ചു.

ജസ്‌റ്റിസ് ബേല ത്രിവേദി വിയോജിച്ചപ്പോൾ ചീഫ് ജസ്‌റ്റിസിനും ജസ്‌റ്റിസ് ത്രിവേദിക്കും പുറമെ ജസ്‌റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, പങ്കജ് മിത്തൽ, മനോജ് മിശ്ര, എസ്‌സി ശർമ എന്നിവർ അനുകൂലമായെഴുതി. ഇവി ചിന്നയ്യ കേസില്‍ 2005 സുപ്രീംകോടതി ഉത്തരവിനെ തന്നെ തിരുത്തുന്നതാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് 61 ഭൂരിപക്ഷത്തില്‍ പുറപ്പെടുവിച്ച വിധി. പിന്നാക്ക ഉപവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴായി പുറപ്പെടുവിച്ച ആറ് വിധികള്‍ നിലവിലുണ്ടെന്നാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്.

പട്ടികജാതി വിഭാഗമെന്നത് ഏകീകൃതവര്‍ഗമല്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. ഉപവിഭാഗങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ഏതു ഉപവിഭാഗത്തെയാണോ തിരഞ്ഞെടുക്കുന്നത് ആ വിഭാഗത്തിന്റെ പ്രാതിനിധ്യം അപര്യാപ്‌തമാണെന്ന് വസ്‌തുതാപരമായി സമര്‍ഥിക്കാനും സര്‍ക്കാരിന് സാധിക്കണമെന്നും ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്‌തമാക്കുന്നു.

വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്‌റ്റിസ്‌ ത്രിവേദി പറഞ്ഞത്; അനുച്ഛേദനം 341ൽ ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയിൽ ഉൾപ്പെടുത്താത്ത വിഭാഗങ്ങൾക്ക് സംവരണം നൽകണമെങ്കിൽ അത് പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ മാത്രമേ സാധിക്കൂ എന്നാണ്.

INFORMATIVE | പൊതുസ്‌ഥലത്തെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE