കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് വ്യക്‌തമാക്കി ഫെഫ്‌ക. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗം തുറന്ന് സമ്മതിച്ചെന്ന് ഫെഫ്‌ക അറിയിച്ചു. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ ഇക്കാര്യം അറിയിച്ചത്.
ഒരവസരം കൂടി വേണമെന്ന് ഷൈൻ അഭ്യർഥിച്ചുവെന്നും എന്നാൽ പെരുമാറ്റദൂഷ്യമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഷൈനെ അറിയിച്ചെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ”സൂത്രവാക്യം’ സിനിമാ സെറ്റിൽ നടന്ന സംഭവത്തിൽ ഐസി റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”സിനിമാനിർമാണം നടക്കുന്ന എല്ലാ ലൊക്കേഷനിലും ക്യാമ്പ് നടത്തും. പൊതുസമൂഹം ഇപ്പോൾ എടുക്കുന്ന നിലപാട് കേരളം ലഹരി വിമുക്‌തമാകണമെന്നാണ്. അതിനൊപ്പമാണ് ഫെഫ്‌ക. നിശ്‌ചയദാർഢ്യത്തോടെ സിനിമയെന്ന തൊഴിലിടത്തെ ലഹരിവിമുക്‌തമാക്കുന്നതിന് തയ്യാറാണ് സംഘടന. ആൽമാർഥതയോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകും.
ഞങ്ങൾ ഐസി റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. വിൻസിയുടെ മേൽ ഒരു തരത്തിലുള്ള സ്വാധീനവും ഒരു സംഘടനയും നടത്തിയിട്ടില്ല. ഐസി റിപ്പോർട് പ്രകാരമുള്ള നടപടിയെടുക്കാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തയ്യാറാണ്. അവർക്കൊപ്പമാണ് ഫെഫ്‌ക. ഈ പേരുകൾക്ക് അപ്പുറമുള്ള പേരുകൾ പുറത്തുവരും. അതിൽ ഫെഫ്‌കയിൽ നിന്നുള്ളവരും ഉണ്ടായേക്കാം. ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല.
റിപ്പോർട് ചെയ്യപ്പെട്ടാൽ ഒരുമണിക്കൂറിനുള്ളിൽ ഫെഫ്‌ക നടപടി എടുക്കും. ഷൈനിനോട് ഞങ്ങൾ സംസാരിച്ചു. കാരവനുകളിൽ കർശന നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഒരുതരത്തിലും ലഹരി വസ്‌തുക്കളും സൂക്ഷിക്കാൻ പാടില്ലെന്ന നിർദ്ദേശം നൽകി കഴിഞ്ഞു. ലൊക്കേഷനുകളിൽ എക്‌സൈസോ പോലീസോ പരിശോധന നടത്തണം. മന്ത്രി എംബി രാജേഷുമായി ഇക്കാര്യം സംസാരിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന എഡിജിപി മനോജ് ഏബ്രഹാമുമായും സംസാരിച്ചിട്ടുണ്ട്. ഇതൊരു ഡ്രൈവാണ്”- ബി ഉണ്ണികൃഷ്‌ണൻ വ്യക്‌തമാക്കി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ