‘സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി’; ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് രോഹിത് ശർമ

ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് താരം ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് രോഹിത് വ്യക്‌തമാക്കിയിട്ടുണ്ട്.

By Senior Reporter, Malabar News
Rohit Sharma
Rohit Sharma
Ajwa Travels

ന്യൂഡെൽഹി: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് താരം ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് രോഹിത് വ്യക്‌തമാക്കിയിട്ടുണ്ട്. നേരത്തെ, ടെസ്‌റ്റ് നായകസ്‌ഥാനത്ത് നിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

”ഞാൻ ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. വർഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കും”- രോഹിത് ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു.

2013ൽ വിൻഡീസിനെതിരെയാണ് രോഹിത് ശർമയുടെ ടെസ്‌റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെഡ്‌ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സ്‌ഥിര സാന്നിധ്യമായി. 67 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്നായി 4301 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. 12 സെഞ്ചുറികളും 18 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഒരു ഇരട്ടസെഞ്ചുറിയുമുണ്ട്. വിരാട് കോലി നായകസ്‌ഥാനത്ത്‌ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ രോഹിത്തെത്തുന്നത്.

രോഹിത്തിന്റെ നായകത്വത്തിൽ ഇന്ത്യ 2021-23 ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തിയിരുന്നു. എന്നാൽ, അടുത്തിടെ നടന്ന ന്യൂസിലൻഡിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ പരമ്പര കൈവിട്ടതും ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതിരുന്നതും രോഹിത്തിന്റെ നായകസ്‌ഥാനം തുലാസിലാക്കി.

എന്നാൽ, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയം ആശ്വാസമായി. ടീമിനെ കിരീടത്തിലേക്ക് നയിച്ചെങ്കിലും റെഡ്‌ബോൾ ഫോർമാറ്റിലുള്ള താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇംഗ്ളണ്ടിനെതിരെ ജൂണിൽ ആരംഭിക്കുന്ന ടെസ്‌റ്റ് പരമ്പരയിൽ ടീം പുതിയ നായകന് കീഴിലാണ് കളിക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് രോഹിത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞവർഷം ടി20 ലോകകപ്പിൽ ജേതാക്കളായതിന് പിന്നാലെ രോഹിത് ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ടെസ്‌റ്റിൽ നിന്നും വിരമിച്ചതോടെ ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE