ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ ഇടതു മുന്നണി സ്‌ഥാനാർഥിയായി റോഷി അഗസ്‌റ്റിൻ തന്നെ മൽസരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ എൽഡിഎഫിലെ ആദ്യ സ്‌ഥാനാർഥി പ്രഖ്യാപനത്തിലാണ് ഇടുക്കി വേദിയായത്.
റോഷി അഗസ്‌റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. 2001 മുതൽ ഇടുക്കിയെ റോഷിയാണ് പ്രതിനിധീകരിക്കുന്നത്. 2021ൽ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്കാണ് റോഷി പരാജയപ്പെടുത്തിയത്.
സിറ്റിങ് എംഎൽഎമാർ തുടരുമെന്ന് കേരള കോൺഗ്രസ് എം നേരത്തെ സൂചന നൽകിയിരുന്നു. എംഎൽഎമാർ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുകയും ചെയ്‌തിരുന്നു. ജോസ് കെ മാണി പാലായിൽ ഭവനസന്ദർശനം അടക്കമുള്ളവ നടത്തിവരുന്നുണ്ട്.
അതേസമയം, സിപിഎമ്മിന്റെ സ്‌ഥാനാർഥികളിൽ പാർട്ടി 13ന് തീരുമാനം എടുക്കുമെന്നിരിക്കെ, കേരള കോൺഗ്രസ് എമ്മിന്റെ അധിക സീറ്റ് ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണത്തെ 12 സീറ്റ് മാത്രമേ കേരള കോൺഗ്രസിന് കിട്ടൂ എന്നാണ് സൂചന. 13ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിന് മുൻപ് ചർച്ചയുണ്ടാകുമെന്ന് കേരള കോൺഗ്രസിന് അറിയിപ്പും നൽകിയിട്ടില്ല.
Most Read| വെള്ളാപ്പള്ളിക്ക് തിരിച്ചടി; ജന. സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കി ഹൈക്കോടതി






































