സംഭവം ദൗർഭാഗ്യകരമെന്ന് സിദ്ധരാമയ്യ, ധനസഹായം പ്രഖ്യാപിച്ചു, അന്വേഷണത്തിന് ഉത്തരവ്

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് ദാരുണമായ ദുരന്തത്തിന് ഇടയാക്കിയതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

By Senior Reporter, Malabar News
Siddaramaiah
Ajwa Travels

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവം ദൗർഭാഗ്യകരമാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

മരിച്ചവരിലേറെയും യുവാക്കളാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് ദാരുണമായ ദുരന്തത്തിന് ഇടയാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഇവിടെ 35,000 ആളുകളെ മാത്രമാണ് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ, സ്‌റ്റേഡിയത്തിൽ എത്തിയത് മൂന്നുലക്ഷത്തോളം പേരാണ്. സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായതെന്നും സിദ്ധരാമയ്യ വ്യക്‌തമാക്കി.

ഈ സംഭവത്തെ ന്യായീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സർക്കാർ ഇതിൽ രാഷ്‌ട്രീയം കളിക്കില്ല. ഞാൻ ഒരു മജിസ്‌ട്രേറ്റ്‌ തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ആളുകൾ സ്‌റ്റേഡിയത്തിന്റെ ഗേറ്റ് പോലും തകർത്തു. ഇത്രയുംവലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. ദുരന്തം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇരകൾക്കൊപ്പമാണ് തങ്ങളെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപയും പരിക്കേറ്റവർക്ക് പൂർണമായി സൗജന്യ ചികിൽസയും സർക്കാർ നൽകുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ദുരന്തത്തിന് പിന്നാലെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ആഭ്യന്തര മന്ത്രി ജി പരമേശ്വര എന്നിവർക്കൊപ്പം നടത്തിയ അടിയന്തിര വാർത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ദുരന്തത്തെ അപലപിച്ച് ഡികെ ശിവകുമാറും രംഗത്തെത്തി. ആവേശത്തിൽ ജനക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്‌ടമായതാണ് ദുരന്തത്തിൽ കലാശിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പോലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയി. 5000 പോലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അത് പര്യാപ്‌തമായില്ല. പോലീസിന്റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു ജനക്കൂട്ടം. സംഭവത്തിൽ മാപ്പ് ചോദിക്കുന്നതായും ശിവകുമാർ പറഞ്ഞു.

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഒരുക്കിയ വിജയാഘോഷ ചടങ്ങിലാണ് ദുരന്തം. പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതാണ് അപകടത്തിനിടയാക്കിയത്. ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമായിരുന്നു സ്വീകരണം ഒരുക്കിയത്.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE