ഹരിദ്വാർ: കുംഭമേളയിൽ ആർഎസ്എസുകാരെ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരാക്കി ഉത്തരാഖണ്ഡ് പോലീസ്. 1553 ആർഎസ്എസ് സന്നദ്ധ പ്രവർത്തകർക്കാണ് ഉത്തരാഖണ്ഡ് പോലീസ് സ്‌പെഷ്യൽ പോലീസ് ഓഫീസർ പദവി നൽകിയത്. ഇവർക്ക് തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും നൽകിയിട്ടുണ്ട്. 1053 പേരാണ് സജീവമായി പ്രവർത്തന രംഗത്തുളളത്. ബാക്കിയുള്ളവരുടെ സേവനം ആവശ്യം വന്നാൽ മാത്രം പ്രയോജനപ്പെടുത്തും.
കുംഭമേളക്ക് എത്തുന്ന തീർഥാടകർക്ക് സഹായവുമായി ആർഎസ്എസ് വർഷങ്ങളായി സജീവമാണെങ്കിലും ഇതാദ്യമായാണ് ഇവർക്ക് ഔദ്യോഗിക പദവി കിട്ടുന്നത്. ആർഎസ്എസുകാരെ മാത്രമല്ല കോൺഗ്രസ് സേവാദൾ പ്രവർത്തകരെയും ഇത്തവണ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്ന് കുംഭമേള ഡെപ്യൂട്ടി എസ്‌പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു.
കുംഭമേള ഐജി സഞ്‌ജയ് കന്യാലാണ് ഇ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ആർഎസ്എസ് ഉത്തരാഖണ്ഡ് പ്രാന്ത ശാരീരിക് പ്രമുഖ് സുനിൽ വ്യക്‌തമാക്കി.
ഹരിദ്വാർ പട്ടണം, ഘട്ടുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, ക്രോസിംഗ് പോയിന്റുകൾ, ജില്ലാ അതിർത്തികൾ, ഉത്തർ പ്രദേശ് അതിർത്തി എന്നിവിടങ്ങളിലാണ് ഇവർക്ക് ചുമതല നൽകിയിരുന്നത്. ഓരോ കേന്ദ്രത്തിലും 6 ആർഎസ്എസുകാർക്ക് വീതം ജോലി നൽകിയിട്ടുണ്ട്. ഏപ്രിൽ 30നാണ് കുംഭമേള അവസാനിക്കുക.
Read also: കോവിഡ് വ്യാപനം; ഉന്നതതല യോഗത്തിൽ പുതിയ തീരുമാനങ്ങൾ