ന്യൂയോർക്ക്: രാജ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണൽസ് ട്രംപ്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
2500 കോടി (ശരാശരി 2.1 ലക്ഷം കോടി രൂപ) ഡോളർ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വേണ്ടിവരും. പദ്ധതിക്ക് 17500 കോടി ഡോളറാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.
”തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ സമയത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഞാൻ വ്യക്‌തമാക്കിയിരുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി പൂർത്തിയായാൽ, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും, ബഹിരാകാശത്തുനിന്നുപോലും അയക്കുന്ന മിസൈലുകളെ ഫലപ്രദമായി തടയാൻ കഴിയും”- ട്രംപ് പറഞ്ഞു.
ക്രൂസ് മിസൈലുകൾ, ബാലിസ്‌റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കാൻ സംവിധാനത്തിന് കഴിയുമെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ആണവായുധങ്ങളെയും പ്രതിരോധിക്കാനാകും. ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തെ മാതൃകയാക്കിയാണ് ഗോൾഡൻ ഡോം എന്ന പേര് നൽകിയത്.
ഇസ്രായേലിലേക്ക് ശത്രു രാജ്യങ്ങൾ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകളെയാണ് അയൺ ഡോം ഫലപ്രദമായി തടഞ്ഞത്. എന്നാൽ, ഇതിൽ നിന്നും വിഭിന്നമായ ഭീഷണിയാണ് അമേരിക്ക നേരിടുന്നത്. ചൈന, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ആധുനിക ആയുധങ്ങളാണ് അമേരിക്കയ്‌ക്ക് വെല്ലുവിളി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ