വാഷിങ്ടൻ: ഒരാഴ്‌ചയായി തുടരുന്ന തായ്‌ലൻഡ്-കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യതലവൻമാരുമായി താൻ വ്യാപാര കരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻ തന്നെ വെടിനിർത്തൽ ചർച്ചകൾ നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടു.
സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. നേരത്തെ, ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിച്ചതും താൻ മുൻകൈ എടുത്താണെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രി ഇത് തള്ളിയിരുന്നു. വെടിനിർത്തൽ ഉണ്ടായത് പാക്കിസ്‌ഥാന്റെ അഭ്യർഥന പ്രകാരമാണെന്നും ആരും മധ്യസ്‌ഥത വഹിച്ചില്ലെന്നും കേന്ദ്ര സർക്കാർ നിലപാട് വ്യക്‌തമാക്കിയിരുന്നു.
തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്‌ഥാവകാശം തായ്‌ലൻഡിനാണെന്ന് രാജ്യാന്തര കോടതി വിധിച്ചിരുന്നു. ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയെ ചൊല്ലിയാണ് ഇപ്പോഴത്തെ സംഘർഷം. അതിർത്തിയിലെ തർക്ക മേഖലകളിലെ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.
ഇരുഭാഗത്തും ഇതുവരെ 30 പേരാണ് മരിച്ചത്. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കുഴിബോംബ് ആക്രമണത്തിൽ തായ്‌ലൻഡിന്റെ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തായ്‌ലൻഡ് അധികൃതർ കമ്പോഡിയയുമായുള്ള അതിർത്തിയിലെ എട്ട് ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. കംബോഡിയൻ സേന തായ് പ്രദേശത്ത് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി