തൃശൂർ: കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മാറ്റാന്നാളുമായി തിരക്കിട്ട നിർണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്. സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിനൊപ്പം കേരള ബാങ്കിലെ കരുതൽ നിധിയിൽ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്.
നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധിളുമായി സഹകരണ മന്ത്രി ചർച്ച നടത്തുന്നത്. മറ്റന്നാൾ മന്ത്രി വിളിച്ചിരിക്കുന്ന ഓൺലൈൻ മീറ്റിങ്ങിൽ സഹകരണ ബാങ്ക് പ്രസിഡണ്ടുമാർക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂരിൽ ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന തിരിച്ചറിവിലാണ് സിപിഎം നേതൃത്വം. കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് അടിയന്തിരമായി കണ്ടത്തേണ്ട പണം സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
അതേസമയം, സഹകരണ മേഖലയിലെ കൊള്ളയ്‌ക്കും കള്ളപ്പണത്തിനുമെതിരെ സുരേഷ് ഗോപി എംപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന് നടക്കും. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പദയാത്ര ഉൽഘാടനം ചെയ്യും.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്‍മഹത്യ ചെയ്‌ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്‌ക്ക് ഐക്യദാർഢ്യമർപ്പിക്കും. നേരത്തെ കോൺഗ്രസും കരുവന്നൂരിൽ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.
Most Read| മണിപ്പൂരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂർ അനിശ്‌ചിത കാലത്തേക്ക് അടച്ചു