കീവ്: തുറമുഖ നഗരമായ മരിയുപോളിലെ 80ഓളം സിവിലിയൻമാർ അഭയം പ്രാപിച്ച ഒരു മസ്‌ജിദിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തിയതായി യുക്രേനിയൻ പ്രതിരോധ മന്ത്രാലയം. മരിയുപോൾ ഏകദേശം രണ്ടാഴ്‌ചയായി റഷ്യയുടെ ഉപരോധത്തിലായിരുന്നു. അതിന്റെ ഫലമായി 1,300ലധികം ആളുകൾ മരിച്ചതായും യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക് പറഞ്ഞു.
ഈ ആഴ്‌ച ആദ്യം, റഷ്യ നടത്തിയ ഷെല്ലാക്രമണം മരിയുപോളിലെ ഒരു ആശുപത്രിക്ക് സാരമായ കേടുപാടുകൾ വരുത്തിയിരുന്നു. തീവ്ര വലതുപക്ഷ യുക്രേനിയൻ സംഘടനകൾ ആശുപത്രി ഉപയോഗിക്കുന്നതായി റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരം അവകാശവാദങ്ങൾ യുക്രൈൻ നിരസിച്ചു.
അതേസമയം, യുക്രൈനിലെ റഷ്യൻ അധിനിവേശം 1.9 ദശലക്ഷം ആളുകളെ ആഭ്യന്തരമായി കുടിയിറക്കാൻ കാരണമായെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്‌താവ് സ്‌റ്റെഫാൻ ഡുജാറിക് പറഞ്ഞു. അവരിൽ ഭൂരിഭാഗവും പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലാണ്.
സകർപാറ്റ്‌സ്‌കയിൽ 500,000, എൽവിവ്‌സ്‌കയിൽ 387,000, വോളിൻസ്‌കയിൽ 170,000 എന്നിങ്ങനെയാണ് ആളുകൾ പലായനം ചെയ്‌തത്. 2.5 ദശലക്ഷത്തിലധികം സ്‌ത്രീകളും കുട്ടികളും പുരുഷൻമാരും യുക്രൈന്റെ അയൽ രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരായതായി യുഎൻ കണക്കാക്കുന്നു.
Most Read: തിരഞ്ഞെടുപ്പ് തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ സുരേന്ദ്രൻ







































