കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ആകെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിനുള്ള വിജ്ഞാപനം ആയിരുന്നു ഇറക്കിയത്. ശബരിമല തീർഥാടകർക്ക് വേണ്ടി ഒരു പുതിയ വിമാനത്താവളം നിർമിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് ഗോസ്പൽ എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹരജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സി. ജയചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1200 ഏക്കർ മതിയാകുമെന്ന് കോടതി നിരീക്ഷിച്ചു.
ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും എക്സ്പേർട്ട് കമ്മിറ്റിയും സർക്കാരും പരാജയപ്പെട്ടെന്ന് ഉത്തരവിൽ സൂചിപ്പിക്കുന്നു. ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണമെന്ന സർക്കാരിന്റെ വാദവും കോടതി തള്ളി. ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിർദ്ദേശമുണ്ട്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































