തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുന്നു. ഉച്ചയ്‌ക്ക് 2.48നാണ് എസ്ഐടിയുടെ എട്ടംഗ സംഘം ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിലെത്തിയത്. ഒരു വനിതാ പോലീസും സംഘത്തിലുണ്ട്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണ് പരിശോധന. കണ്‌ഠരര് രാജീവര് ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഒത്താശ ചെയ്‌ത് ആചാരലംഘനത്തിന് കൂട്ടുനിന്നെന്നും തട്ടിപ്പിന് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്നുമാണ് അറസ്‌റ്റ് റിപ്പോർട്ടിലും റിമാൻഡ് റിപ്പോർട്ടിലുമായി പറയുന്നത്.
13ആം പ്രതിയായ കണ്‌ഠരര് രാജീവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, പൊതുസ്വത്തിന്റെ അപഹരണം, ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ രഹസ്യകേന്ദ്രത്തിൽ പ്രത്യേക അന്വേഷണ സംഘം മേധാവി എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെയായിരുന്നു അറസ്‌റ്റ്.
വൈദ്യപരിശോധനക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കോടതി ഈമാസം 23 വരെ റിമാൻഡ് ചെയ്‌തതിനെ തുടർന്ന് രാത്രി തിരുവനന്തപുരത്തെ സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ജാമ്യഹരജി 13ന് പരിഗണിക്കും. അതേസമയം, ജയിലിൽ വെച്ച് കണ്‌ഠരര് രാജീവർക്ക് ജയിലിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ, തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ജനറൽ ആശുപത്രിയിൽ ഇസിജി ഉൾപ്പടെ പരിശോധനകൾ നടത്തിയതിന് ശേഷമാണ് ഡോക്‌ടർമാർ ശുപാർശ നൽകിയത്. ഈമാസം 23 വരെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്‌ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































