തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളിയുടെ തൂക്കത്തിൽ വന്ന കുറവ് നിയമസഭയിൽ അടിയന്തിര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്‌പീക്കർ എഎൻ ഷംസീർ നിരാകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ചട്ടപ്രകാരം സഭയിൽ ചർച്ച ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ അനുമതി നിഷേധിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശബരിമല ശ്രീകോവിലിന്റെ സ്വർണപ്പാളി ഉരുക്കാൻ കൊണ്ടുപോകുമ്പോൾ 42 കിലോ തൂക്കമുണ്ടായിരുന്നെന്നും എന്നാൽ ഒന്നര മാസത്തെ കാലതാമസത്തിന് ശേഷം ഇതിൽ നാലുകിലോ കുറഞ്ഞെന്നും പ്രതിപക്ഷം ആരോപിച്ചു.
നാലുകിലോ സ്വർണം ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയിട്ട് ഈ സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്നത് വളരെ തെറ്റായ കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞു. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്‌ചാത്തലത്തിൽ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേരളത്തിലെ വിശ്വാസി സമൂഹം ചർച്ച ചെയ്യുന്ന ഈ വിഷയത്തിലെ യാഥാർഥ്യം പൊതുജനങ്ങൾ അറിയണമെന്നും പ്രതിപക്ഷം വാദിച്ചു.
മുൻപും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭ ചർച്ച ചെയ്‌തിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, ഈമാസം 17ലെ ഉത്തരവ് പ്രകാരം കോടതി മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവും സ്‌പീക്കറും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്, പ്രതിപക്ഷ നേതാവ് വാക്ക്‌ഔട്ട് പ്രഖ്യാപിക്കുകയും പ്രതിപക്ഷ അംഗങ്ങൾ സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് സഭ വിട്ടിറങ്ങുകയും ചെയ്‌തു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ മറ്റ് നടപടിക്രമങ്ങളിലേക്ക് കടന്നു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി