തിരുവനന്തപുരം: ശബരിമല ദ്വാരപാലക പാളികളിലെ സ്വർണം കവർന്ന കേസിലും മുൻ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിലായ കണ്ഠരര് രാജീവരെ ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നാളെ കോടതിയിൽ അപേക്ഷ നൽകും. ശബരിമല വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി, കൊല്ലം വിജിലൻഡ് കോടതിയിൽ നൽകിയ റിപ്പോർട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ഈമാസം 23 വരെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
അതേസമയം, സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ റിമാൻഡ് ചെയ്തു. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിൽസയിലാണ്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാൻ ആയിരുന്നപ്പോൾ ബോർഡ് അംഗമായിരുന്നു ഇദ്ദേഹം.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!







































