കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും പീഠവും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ശബരിമലയിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിൽ പരിശോധന നടത്താനും എല്ലാ വസ്‌തുക്കളുടെയും കണക്കെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
റിട്ട. ജില്ലാ ജഡ്‌ജിയുടെ നേതൃത്വത്തിൽ പരിശോധന നടത്താനാണ് ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഓഫീസർ ഇന്ന് കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്‌തമാക്കി.
ദേവസ്വം ബോർഡിന്റെ രജിസ്‌റ്ററുകളിൽ കൃത്യതയില്ലെന്ന നിരീക്ഷണവും കോടതി നടത്തി. സ്വർണം പൂശാനായി അടുത്തിടെ ചെന്നൈയിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്ന ദ്വാരപാലക ശിൽപ്പങ്ങളും പീഠവും ബന്ധപ്പെട്ട എല്ലാവരുടെയും സാന്നിധ്യത്തിൽ സന്നിധാനത്തിൽ സ്‌ഥാപിക്കാനും കോടതി അനുമതി നൽകി.
സ്‌ട്രോങ് റൂമിലുള്ള എല്ലാ രേഖകളും പരിശോധിച്ച് സ്വർണാഭരണങ്ങളുടെയും മറ്റും കണക്കെടുക്കണമെന്നാണ് കോടതി നിർദ്ദേശം. തിരുവാഭരണം രജിസ്‌റ്ററും പരിശോധിക്കണം. എത്ര അളവിൽ സ്വർണമുണ്ടെന്ന് നോക്കി അതിന്റെ മൂല്യവും കണക്കാക്കണമെന്ന് കോടതി വ്യക്‌തമാക്കി. ദ്വാരപാലക ശിൽപ്പങ്ങൾ ഘടിപ്പിക്കാനുള്ള പീഠം കാണാതായതും തുടർന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിജിലൻസ് ഓഫീസർ കോടതിയെ ധരിപ്പിച്ചു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി