തിരുവനന്തപുരം: ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിന് വെച്ചതായി വിവരം. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ശ്രീകോവിലിന്റെ വാതിലെന്ന പേരിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലേക്ക് പ്രദർശിപ്പിച്ചതായി തെളിഞ്ഞിരുന്നു.
ഇതിന് പുറമെയാണ് ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിലും പ്രദർശനം നടത്തിയെന്ന വിവരം പുറത്തുവരുന്നത്. ചടങ്ങിൽ നടൻ ജയറാം പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയിലാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി വാതിൽ ചെന്നൈയിൽ പ്രദർശിപ്പിച്ചത്.
ഉണ്ണിക്കൃഷ്‌ണൻ പോറ്റി ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന് ജയറാം പറയുന്നുണ്ട്. ശബരിമലയിലേക്കുള്ള വാതിൽ തൊട്ടുതൊഴാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റി കാരണം തനിക്ക് ഭാഗ്യം ലഭിച്ചെന്നും ജയറാം പറയുന്നുണ്ട്. 2019ലെ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, പാളികൾ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ കാര്യം ഉണ്ണിക്കൃഷ്‌ണൻ പോറ്റി സ്‌ഥിരീകരിച്ചു.
സ്വർണം പൂശുന്നതിനായി പാളികൾ 45 ദിവസം കൈവശം വെച്ചതിനും അദ്ദേഹം വിശദീകരണം നൽകി. സെപ്‌തംബർ 19നകം തിരികെ ഏൽപ്പിക്കാനായിരുന്നു ദേവസ്വം നിർദ്ദേശം. ഉടൻ തന്നെ ചെന്നൈയിൽ നിന്ന് സ്വർണം പൂശി എത്തിക്കണമെന്ന് ദേവസ്വം ബോർഡ് പറയാതിരുന്നതിനാലാണ് പാളികൾ 45 ദിവസം കൈവശം വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വർണം പൂശൽ വിവാദത്തിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ശനിയാഴ്‌ച വിജിലൻസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. 1998ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞത് മുതൽ 2019 ൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റി സ്വർണം പൂശിയത് വരെയുള്ള വിവരങ്ങൾ അന്വേഷിക്കും. ഉണ്ണിക്കൃഷ്‌ണൻ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും വിജിലൻസ് അന്വേഷിക്കും.
Most Read| ‘ഇന്ത്യക്കുമേലുള്ള സമ്മർദ്ദം തിരിച്ചടിയാകും’; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ