കൊച്ചി: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
എസ്ഐടിയിൽ തൃശൂരിലെ കേരള പോലീസ് അക്കാദമി അസി.ഡയറക്‌ടറും മുൻ വിജിലൻസ് എസ്‌പിയുമായ എസ്. ശശിധരനായിരിക്കും അന്വേഷണ ഉദ്യോഗസ്‌ഥൻ. വാകത്താനം പോലീസ് ഇൻസ്‌പെക്‌ടർ അനീഷ്, കൈപ്പമംഗലം ഇൻസ്‌പെക്‌ടർ ബിജു രാധാകൃഷ്‌ണൻ, തൈക്കാട് സൈബർ പോലീസ് അസി. സബ് ഇൻസ്‌പെക്‌ടർ സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഹൈക്കോടതി ഉത്തരവിൽ പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ചാവണം അന്വേഷണമെന്നും ഉത്തരവിൽ പറയുന്നു. ശബരിമല ശ്രീകോവിലിന്റെ ഇരുഭാഗത്തുമുള്ള ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ ഇളക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.
ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്. സ്വർണപ്പാളി വിവാദത്തിൽ അന്വേഷിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെയും ദേവസ്വം ഉദ്യോഗസ്‌ഥരുടെയും പങ്ക് പ്രധാനമായും അന്വേഷിക്കണം.
Most Read| ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി