കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവർ ചേർന്നാണെന്ന് എസ്ഐടി. മൂവരും ചേർന്ന് വൻ കവർച്ച നടത്താനായി ആസൂത്രണം നടത്തിയെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, പ്രതികൾ ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൂടിക്കാഴ്ച. 2019ൽ നടത്തിയ സ്വർണക്കൊള്ള പുറത്തുവരാതിരിക്കാനുള്ള ഗൂഡാലോചനയ്ക്കായാണ് മൂന്നുപേരും കണ്ടതെന്നും റിപ്പോർട്ടിൽ എസ്ഐടി പറയുന്നു.
ഗോവർധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കേസിൽ ആരോപണ വിധേയരായവർ തമ്മിൽ വലിയ ഗൂഢാലോചനയും സംഘടിത കുറ്റകൃത്യവും നടന്നു. ഉണ്ണിക്കൃഷ്ണൻ, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരും മറ്റു പ്രതികളും ചേർന്ന് സ്വർണം തട്ടിയെടുക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തി.
സ്വർണപ്പാളികൾ വേർപെടുത്തി എടുത്തത് സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് അതിന്റെ ഉടമയായ പങ്കജ് ഭണ്ഡാരിയാണ്. ഡിസംബർ 19ന് അറസ്റ്റ് ചെയ്ത ഗോവർധനെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഗോവർധനെ ഇനിയും ചോദ്യം ചെയ്യാനുള്ളതിനാൽ പോലീസ് കസ്റ്റഡി ആവശ്യമാണ്.
ശബരിമല ശ്രീകോവിലിലെ സ്വർണവും തട്ടിയെടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. 1995 മുതൽ ശബരിമലയിൽ വരാറുള്ള ഗോവർധന് ശ്രീകോവിൽ യുബി ഗ്രൂപ്പ് 1998ൽ സ്വർണപ്പാളികൾ പൊതിഞ്ഞ വിവരം അറിയാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഗോവർധനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് എസ്ഐടി കോടതിയിൽ ആവശ്യപ്പെട്ടു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































