കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
കേസുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആർ അടക്കമുള്ള രേഖകൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ഇഡിയുടെ അന്വേഷണം തങ്ങൾ തങ്ങൾ തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്‌തമാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാൻ റാന്നി മജിസ്‌ട്രേറ്റ് കോടതിക്കും ഹൈക്കോടതി നിർദ്ദേശം നൽകി.
മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാരായ എ. പത്‌മകുമാർ, എൻ. വാസു തുടങ്ങി ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരടക്കം ആറുപേർ നിലവിൽ റിമാൻഡിലാണ്. എൻ. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് തള്ളിയിരുന്നു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ എസ്ഐടി കോടതിയെ ധരിപ്പിച്ചു.
നേരത്തെ ഏഴ് ആഴ്‌ചയ്‌ക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം. എന്നാൽ, അന്വേഷണം വിപുലമാവുകയും മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമാരടക്കം അറസ്‌റ്റിലാവുകയും ചെയ്‌തതോടെ കൂടുതൽ ഉന്നതതല ഇടപെടലുകൾ ഉണ്ടോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് ഒരുമാസത്തെ സമയം കൂടി നീട്ടി നൽകിയിരിക്കുന്നത്.
അതേസമയം, ഇന്ന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നിട്ടില്ല. സ്വർണക്കൊള്ള കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി എഫ്‌ഐആർ അടക്കമുള്ളവയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം തങ്ങൾ തടഞ്ഞിട്ടില്ലെന്ന് കോടതി വ്യക്‌തമാക്കിയതോടെ രേഖകളുടെ അടിസ്‌ഥാനത്തിൽ ഇഡി വൈകാതെ എസിഐആർ (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്) രജിസ്‌റ്റർ ചെയ്‌തേക്കും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇഡി അന്വേഷിക്കുക.
Most Read| 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്






































