പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷമേ പത്‌മകുമാറിനെതിരെ നടപടി കൈക്കൊള്ളൂവെന്നും അദ്ദേഹം വ്യക്‌തമാക്കി. കേസിലെ മറ്റൊരു പ്രതിയായ എൻ. വാസു കേവലം ഉദ്യോഗസ്‌ഥൻ ആയിരുന്നു. എന്നാൽ, പത്‌മകുമാർ അങ്ങനെയായിരുന്നില്ലെന്നും എംവി ഗോവിന്ദൻ സൂചിപ്പിച്ചു.
ചൊവ്വാഴ്‌ച രാവിലെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് സംസാരിച്ച ശേഷമാണ് ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയതെന്നും എംവി ഗോവിന്ദൻ യോഗത്തിൽ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പത്‌മകുമാറിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ.
ഈ ഘട്ടത്തിൽ പത്‌മകുമാറിനെ തള്ളിപ്പറഞ്ഞാൽ പാർട്ടി തന്നെ പത്‌മകുമാറിനെ കുറ്റക്കാരനായി കാണുന്നു എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കും. ഇത് തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും തിരിച്ചടിയാവാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കുറ്റപത്രം സമർപ്പിക്കും വരെ കാത്തിരിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചെന്നാണ് വിലയിരുത്തൽ.
Most Read| നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും







































