തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് വാസുവിനെ ചോദ്യം ചെയ്‌തത്.
ഇതോടെ കേസ് അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്കും നീളുകയാണ്. എസ്‌ഐടി ഉദ്യോഗസ്‌ഥനായ എസ്‌പി ശശിധരൻ നേരിട്ടെത്തിയാണ് എൻ. വാസുവിനെ ചോദ്യം ചെയ്‌തത്. വാസുവിനെതിരെ സുരേഷ് കുമാർ നൽകിയ മൊഴികൾ ഏറെ ഗൗരവമേറിയതാണെന്നാണ് വിവരം. ശബരിമലയിൽ സ്വർണക്കൊള്ള നടന്ന 2019ൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു.
പിന്നീട് എ. പത്‌മകുമാറിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡണ്ടായി. അതേസമയം, കഴിഞ്ഞദിവസം അറസ്‌റ്റിലായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. 2019ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോർട് തയ്യാറാക്കിയപ്പോൾ സുധീഷ് കുമാർ ആയിരുന്നു എക്‌സിക്യൂട്ടീവ് ഓഫീസർ.
Most Read| ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഏകദിനത്തിലെ ആദ്യ ലോകകിരീടം








































