പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌ത് എസ്ഐടി. ഡെൽഹിയിൽ വെച്ച് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ചാണ് മൊഴി നൽകിയത്. ഇന്നലെ ഒരു ദിവസത്തേക്കാണ് പോറ്റിയെ എസ്ഐടിയുടെ കസ്‌റ്റഡിയിൽ കൊല്ലം വിജിലൻസ് കോടതി വിട്ടുനൽകിയത്.
പോറ്റിക്കൊപ്പം പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. മൂന്നുപേരെയും ഒരുമിച്ചിരുത്തി അന്വേഷണം സംഘം ചോദ്യം ചെയ്‌തതായാണ് വിവരം. അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിനെയും അടുത്തയാഴ്‌ച എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് പ്രശാന്തിനെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്‌തത്. ഇതിനിടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഡെൽഹിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണിക്കൃഷ്‌ണൻ പോറ്റി കൂടിക്കാഴ്‌ച നടത്തിയപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു.
സ്വർണപ്പാളികൾ എത്തിച്ച ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കും, സ്വർണം വേർതിരിച്ചെടുത്ത സ്‍മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്കും, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവർധനും കൊള്ളയിൽ ഒരുപോലെ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിലടക്കം വ്യക്‌തത തേടുകയാണ് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം








































