തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ്ഐടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പിഎസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നൽകിയ നിർദ്ദേശമാണ് ഇതിൽ പ്രധാനം.
കേസിലെ പ്രധാന പ്രതികളുടെയെല്ലാം അക്കൗണ്ടുകൾ മരവിപ്പിച്ചു. നാളെ ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നൽകി. വാതിൽപ്പാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി.
അതേസമയം, സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്‌ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്‌തത ഉണ്ടാക്കാൻ ശാസ്‌ത്രീയ പരിശോധന നടത്തി ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കണം.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































