എരുമേലി: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലി ഇടത്താവളത്തിൽ ഉൾപ്പെടെ സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം നവീകരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കോവിഡ് കാരണം തീർഥാടകരുടെ എണ്ണം കുറവായിരിക്കുമെന്ന കണക്കുകൂട്ടലിൽ മുന്നൊരുക്കങ്ങൾ വേണ്ടെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്.
ശബരിമല യാത്രക്കിടയിലെ തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി ധര്‍മ്മശാസ്‌താ ക്ഷേത്രം. പേട്ടതുള്ളി കാനന പാതവഴി സന്നിധാനത്തേക്ക് പോകാനാണ് ഭക്‌തര്‍ ഇവിടെ എത്തുന്നത്. എരുമേലിയില്‍ പേട്ടതുള്ളി അഴുതയില്‍ മുങ്ങി കല്ലെടുത്താണ് പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തേക്കുള്ള യാത്ര. ഈ പരമ്പരാഗത ശബരിമല ദര്‍ശനത്തിന് വേണ്ടിയാണ് ഭക്‌തര്‍ ഏരുമേലിയില്‍ എത്തുന്നത്.
കാനനപാതവഴിയുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് മുന്‍ ഒരുക്കങ്ങളില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിൻമാറിയത്. വിരിവെക്കുന്നതിന് സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെ തയ്യാറായിട്ടില്ല. സാധാരണഗതിയില്‍ നടത്താറുള്ള പൊതുമരാമത്ത് പണികള്‍ പോലും വേണ്ടെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന ഇടംകൂടിയാണ് എരുമേലി.
ഇത്തവണ എരുമേലി ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ കുളിക്കാന്‍ അനുമതിയില്ല. ഇവിടെ ഇതിനായി പകരം സംവിധാനം ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ശൗചാലയങ്ങള്‍ എല്ലാം കാട് മൂടികിടക്കുന്ന അവസ്‌ഥയിലാണ്. ഇതിന്റെ കാര്യത്തിലും ബോർഡ് മെല്ലെപ്പോക്ക് നയം തുടരുകയാണ്.
Read Also: വന്യജീവി ആക്രമണം തടയുന്നതിനായി നിർദ്ദേശങ്ങൾ; പദ്ധതിരേഖ മുഖ്യമന്ത്രിക്ക് കൈമാറി








































