ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്‌ച തുറക്കും. തന്ത്രി കണ്‌ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിയിക്കും. തിങ്കളാഴ്‌ച മുതലാണ് ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്‌തവര്‍ക്ക് മാത്രമാണ് ദര്‍ശനാനുമതി.
നിയുക്‌ത ശബരിമല മേല്‍ശാന്തി വികെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എംഎന്‍ രജികുമാറിനെയും മേല്‍ശാന്തിമാരായി ഞായറാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം അഭിഷേകം ചെയ്‌ത് അവരോധിക്കും. നിലവിലെ ശബരിമല മേല്‍ശാന്തിയായ എകെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും രാത്രി നടയടച്ച ശേഷം മലയിറങ്ങും. പുതിയ മേല്‍ശാന്തിമാരാണ് വൃശ്‌ചികം ഒന്നിന് പുലര്‍ച്ചെ നടകള്‍ തുറക്കുന്നത്.
കോവിഡ് പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങളോട് കൂടിയാണ് ക്ഷേത്രത്തില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 24 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഭക്‌തര്‍ നിര്‍ബന്ധമായും കരുതണം. ഇല്ലാത്തവര്‍ക്ക് നിലക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. അതേസമയം പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എല്‍ടിസി യിലേക്ക് മാറ്റും.
കൂടാതെ ഇത്തവണ നെയ്യഭിഷേകം നേരിട്ട് നടത്താനാകില്ല. നെയ്‌ത്തേങ്ങ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക കൗണ്ടറില്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോള്‍ ആടിയശിഷ്‌ടം നെയ്യ് ലഭിക്കും.
ഇത്തവണ ശബരിമലയിലേക്ക് വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ വഴികളില്‍ക്കൂടി മാത്രമാണ് യാത്രാനുമതിയുള്ളത്.
അതേസമയം ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെങ്കിലും തീര്‍ഥാടകരെ ത്രിവേണിയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ നിലക്കലില്‍ പാര്‍ക്കു ചെയ്യണമെന്നാണ് നിര്‍ദേശം.
Read Also: നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; ചർച്ചയിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് മെഹ്ബൂബ മുഫ്‌തി