പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും.
പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്‌ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30ന് ശബരിമല സോപാനത്ത് നിയുക്‌ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്‌ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്‌ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും.
ഞായറാഴ്‌ച പൂജകൾ ഇല്ല. തിങ്കളാഴ്‌ച പുലർച്ചെ മൂന്നിന് വൃശ്‌ചിക പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി 11 വരെയുമാണ് ദർശനം.
ഡിസംബർ രണ്ടുവരെ വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഒഴിവില്ല. 70,000 പേർ ഡിസംബർ രണ്ടുവരെ വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്‌തിട്ടുണ്ട്. 20,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴി ദർശനം നടത്താം. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. പമ്പയിൽ ഒരേസമയം 10,000 പേർക്ക് വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ നടപ്പന്തലുകളും ജർമൻ പന്തലും ഉണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ഇന്നലെ സത്യപ്രതിജ്‌ഞ ചെയ്‌ത കെ. ജയകുമാർ ഇന്ന് വൈകീട്ടോടെ സന്നിധാനത്ത് എത്തുമെന്നാണ് വിവരം. യാതൊരു പരാതിയുമില്ലാതെ ശബരിമല ദർശനം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജയകുമാർ പറഞ്ഞു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































