തൊടുപുഴ: കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി എംഎം മണി എംഎൽഎ. സൊസൈറ്റിക്ക് മുന്നിലെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെ നയവിശദീകരണ യോഗം ഉൽഘാടനം ചെയ്യവേയാണ് മണിയുടെ പരാമർശം.
”സാബുവിന് വല്ല മാനസിക പ്രശ്‌നവും ഉണ്ടായിരുന്നോയെന്നും ചികിൽസ ചെയ്‌തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയിൽ കെട്ടിവെയ്‌ക്കാൻ ആരും ശ്രമിക്കേണ്ട.
സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്‌ഥ ഉണ്ടോയെന്നൊന്നും ഞങ്ങൾക്കറിയില്ല. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്‍മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്‍മഹത്യ ചെയ്‌തുവെന്ന കാര്യം പരിശോധിക്കണം. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ഒരുത്തനും ശ്രമിക്കേണ്ട. ഞങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ല”- എംഎം മണി പറഞ്ഞു.
ഈ മാസം 20ന് രാവിലെ 7.30ഓടെയാണ് കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ സാബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ നൽകാത്തത് മൂലമായിരുന്നു ആത്‍മഹത്യ. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്റെ പടികൾക്ക് സമീപം സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക