പാലക്കാട്: തീവണ്ടിയിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ തടയാനും റെയിൽവേ പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 24 മണിക്കൂർ പരിശോധന ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന ഇന്ന് രണ്ടരയോടെ അവസാനിപ്പിക്കും. പാലക്കാടിന് പുറമെ പാലക്കാട് റെയിൽവേ സബ് ഡിവിഷന് കീഴിലുള്ള തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പരിശോധന തുടങ്ങി.
കോവിഡ് സാഹചര്യം മാറിയതോടെ തീവണ്ടികളിലിൽ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനധികൃത യാത്രക്കാരെ കണ്ടെത്തുക, നികുതിവെട്ടിപ്പ് തടയുക, പുകയില ഉൾപ്പടെയുള്ള വസ്തുക്കളുടെ കള്ളക്കടത്ത് ഹാടയുക, മദ്യപിച്ചും മാസ്ക് വെക്കാതെയും യാത്ര ചെയ്യുന്നവരെ കണ്ടെത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്.
റെയിൽവേ പോലീസ് ഡിവൈഎസ്പി കെഎൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ റെയിൽവേ സംരക്ഷണ സേന, റെയിൽവേ ജീവനക്കാർ, എക്സൈസ്, ബോംബ് സ്ക്വാഡ്, സാമൂഹികനീതി വകുപ്പ്, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് പരിശോധന തുടങ്ങിയത്. ഓരോ സ്റ്റേഷനിലും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ മാസവും ഇത്തരത്തിൽ പരിശോധന നടത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു.
Most Read: പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി; കെ സുധാകരൻ





































