മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. പ്രതി മുംബൈ വിട്ടതായാണ് സംശയം. ഇയാൾ ഗുജറാത്തിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.
അന്വേഷണ സംഘം ഗുജറാത്തിലേക്ക് പുറപ്പെട്ടു. മഹാരാഷ്‌ട്രയിലെ വിവിധ പ്രദേശങ്ങളിലും തിരച്ചിൽ തുടരുന്നുണ്ട്. പ്രതിയുടെ പുതിയ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി വീടിന് പുറത്തെത്തി വസ്‌ത്രം മാറിയാണ് രക്ഷപ്പെട്ടത്. ഇയാൾ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.
ഇതോടെയാണ് ഇയാൾ ട്രെയിനിൽ ഗുജറാത്തിലേക്കു കടന്നതായി പോലീസിന് സംശയം ബലപ്പെട്ടത്. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചയാളെ ഇന്ന് വീണ്ടും പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ വൈരുധ്യത്തെ തുടർന്നാണ് കസ്‌റ്റഡിയിൽ എടുത്തത്.
കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്‌തത്. സെയ്‌ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. വ്യാഴാഴ്‌ച പുലർച്ചെ രണ്ടര മണിയോടെയാണ് സെയ്‌ഫ് അലിഖാന് അക്രമിയുടെ കുത്തേറ്റത്. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയതായി വീട്ടിലെ സഹായികളിലൊരാൾ മുന്നറിയിപ്പ് നൽകിയതോടെയാണ് സെയ്‌ഫ് മുറിയിലെത്തിയത്.
തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് നടന് കുത്തേറ്റത്. ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. ആശുപത്രിയിൽ ചികിൽസയിലുള്ള നടന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. സെയ്‌ഫ് അലിഖാൻ അപകടനില പൂർണമായി തരണം ചെയ്‌തുവെന്നും ചികിൽസ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്