മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെയാണ് മഞ്ചേരി പോലീസ് കേസെടുത്തത്.
മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. സംഘം ചേർന്ന് ബഹളം വെച്ചെന്നും സംഘർഷ സാധ്യത ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെഎസ് അനിൽ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ കേസെടുത്തത്.
മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യാൻ ചൊവ്വാഴ്‌ച മന്ത്രി എത്തിയപ്പോഴായിരുന്നു ജീവനക്കാർ മന്ത്രിയോട് നേരിട്ട് ശമ്പളം ചോദിച്ച് രംഗത്തെത്തിയത്. എച്ച്‌ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ, നഴ്‌സിങ് അസിസ്‌റ്റന്റുമാർ, എക്‌സ്‌റേ ടെക്‌നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പടെയുള്ളവരാണ് പ്രതിഷേധം നടത്തിയത്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി