കോഴിക്കോട്: ആശുപത്രിയിൽ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്നും ആശുപത്രി പ്രസവങ്ങളിൽ എത്രയോ അപകടം നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുന്ന സമയത്താണ് സ്വാലിഹ് തുറാബ് തങ്ങളുടെ ചോദ്യം.
ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആരെയെങ്കിലും അക്രമിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. വീട്ടിൽനിന്ന് പ്രസവിക്കുന്നവരേയും പ്രസവമെടുക്കുന്നവരേയും കുറ്റപ്പെടുത്തുകയാണ്. ആശുപത്രിയിൽ എന്തൊക്കെ അക്രമങ്ങൾ നടക്കുന്നുണ്ട്. അത് കൊല്ലാനുള്ള ലൈസൻസ് എന്നാണ് ചിലർ പറയുന്നത്. അവിടെ തെറ്റ് ചെയ്‌താൽ ഒരു ചോദ്യവുമില്ല, എന്തും ആവാം എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ചട്ടിപ്പറമ്പിൽ യുവതി വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് വൈദ്യസഹായത്തിന്റെ അഭാവം മൂലം മരിച്ചിരുന്നു. പെരുമ്പാവൂർ സ്വദേശി അസ്‌മയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വീട്ടുപ്രസവത്തിനെതിരേ ആരോഗ്യമേഖലയിൽ നിന്നും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
അമ്മയുടെ വയറ്റിൽ ഒരു കുട്ടി നാല് വർഷംവരെ കിടക്കുമെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്‌ദുൽ ഹക്കീം അസ്ഹരി മുൻപ് പറഞ്ഞിരുന്നു. സിസേറിയൻ ഡോക്‌ടർമാരുടെ തട്ടിപ്പാണെന്നും ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ നാല് വർഷം വരെ കിടക്കുമെന്നുമാണ് അബ്‌ദുൽ ഹക്കീം അസ്ഹരി പറഞ്ഞത്. വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ തെറ്റായ പ്രചരണങ്ങൾ കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇയാളുടെ പഴയ പ്രസംഗം ചർച്ചയായിരിക്കുന്നത്.
‘വയറ്റിലൊരു കുട്ടി നാല് വർഷം വരെ കിടക്കാം. അതുകൊണ്ട് പത്തുമാസം ആയിപ്പോയാൽ ഇപ്പോ പൊട്ടും എന്ന ബേജാറ് ആവേണ്ട കാര്യമൊന്നുമില്ല. ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞാൽ മതി. സമയമാകുമ്പോൾ പ്രസവിക്കും, അതൊരു ന്വാചുറൽ പ്രൊസസ് ആണ്. വയറ്റിലൊരു സാധനം അല്ലാഹു പടച്ചിട്ടുണ്ടോ, അത് പുറത്തുകൊണ്ടുവരും. അതിന് സീസേറിയന്റെ ആവശ്യമില്ല’ അബ്‌ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.
ഇതിനെ പിന്തുണച്ച് സമസ്‌ത ഇകെ വിഭാഗം ശുഐബുൽ ഹൈതമിയും രംഗത്ത് എത്തിയിരുന്നു. നാലുവർഷം നീളുന്ന പ്രസവ സമയം ഇസ്‌ലാമിൽ പറയുന്നുണ്ടെന്നും ഇതിനെ ശാസ്‌ത്രം എതിർക്കുന്നില്ലെന്നും ശുഐബുൽ ഹൈതമി അഭിപ്രായപ്പെട്ടു.
ഇതിന് തെളിവായി വാർത്താ മാദ്ധ്യമങ്ങളെയും ഹൈതമി കൂട്ടുപിടിക്കുന്നു. 2015ൽ അപൂർവ രക്‌ത സംബന്ധമായ അസുഖം മൂലം ബല്ലിങ്ഹാം സ്വദേശിനിയായ ആംഗി ഡെല്ലോറ എന്ന 32 കാരി 23 മാസമായി ഗർഭിണിയായിരിക്കുന്ന വാർത്ത ന്യൂസ് വാച്ച് എന്ന വെബ്സൈറ്റിൽ വന്നിരുന്നു. വൈറൽ ന്യൂസ് സൃഷ്‌ടിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ന്യൂസ് വാച്ചിന്റെ ഈവാർത്ത പല മലയാളം മാദ്ധ്യമങ്ങളും കേരളത്തിലും വൈറൽ ആക്കിയിരുന്നു.
ഇതിനെ അടിസ്‌ഥാനമാക്കിയാണ് വാർത്താ മാദ്ധ്യമങ്ങളെ ഹൈതമി കൂട്ടുപിടിച്ചത്. അത്യപൂർവമായ രോഗങ്ങൾ മൂലം പ്രസവം നീണ്ടുപോകുന്ന സംഭവങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഇതിന് അപൂർവങ്ങളിൽ അപൂർവമായ അസുഖങ്ങളാണ് കാരണം. അത് സാധാരണ ‘ആരോഗ്യമുള്ള’ മനുഷ്യരുടെ പ്രസവം വൈകിപ്പിക്കാനായി പ്രയോഗിക്കാനുള്ള ശാസ്‌ത്രീയ തെളിവല്ല.
MOST READ | സുപ്രീം കോടതിക്കെതിരെ ‘ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്ന്’ ഗവർണർ