ചെറുതുരുത്തി : ഭാരതപ്പുഴയില്‍ വീണ്ടും വാഹനങ്ങള്‍ ഇറക്കി മണലെടുപ്പ് തുടങ്ങി. ഇതിനെതിരെ പരിസ്‌ഥിതി പ്രവര്‍ത്തകനായ കെകെ ദേവദാസ് ഹൈക്കോടതിയില്‍ പരാതി നല്‍കി. ഭാരതപ്പുഴയില്‍ ചെറുതുരുത്തി-ഷൊര്‍ണൂര്‍ തടയണക്ക് സമീപമാണ് വാഹനങ്ങൾ പുഴയിലേക്ക് ഇറക്കി മണല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ഒരു മാസമായി മഴയെ തുടര്‍ന്ന് മണലെടുപ്പ് നിര്‍ത്തി വച്ചിരുന്നതാണ്.
ഭാരതപ്പുഴക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള രണ്ട് കൊച്ചിന്‍ പാലങ്ങളും, ജലപദ്ധതികളും, കിണറുകളും 200 മീറ്റര്‍ ദൂരപരിധിയില്‍ നിലനില്‍ക്കുമ്പോള്‍ 500 മീറ്റര്‍ പരിധിയില്‍ മണല്‍ വാരരുതെന്നാണ് 2002 ലെ മണല്‍ വാരല്‍ നിയന്ത്രണ നിയമത്തില്‍ പറയുന്നത്. ഒപ്പം തന്നെ 2001 ലെ നദീതീര സംരക്ഷണ നിയമ പ്രകാരം നദികളിലേക്ക് വാഹനം ഇറക്കാനും പാടില്ല. ഈ നിയമങ്ങള്‍ എല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമത്തിന്റെ പേരില്‍ കളക്‌ടറുടെ അനുമതിയോടെ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കരാറുകാര്‍ മുഖേന മണല്‍ വാരല്‍ പുരോഗമിക്കുന്നത്. എല്ലാ തരത്തിലും നിയലംഘനങ്ങള്‍ നടത്തിയാണ് ഇവിടെ നിന്നും മണല്‍ വാരല്‍ നടക്കുന്നതെന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്.
2012 ലെ സുപ്രീംകോടതി വിധി അനുസരിച്ച് പരിസ്‌ഥിതി അനുമതിയും, സാന്‍ഡ് ഓഡിറ്റിങ്ങും ഇല്ലാതെ നദികളില്‍ നിന്ന് മണല്‍ വാരല്‍ നടത്തരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ 2013 ലും 2015 ലും ഇതേ വിധി ദേശീയ ഹരിത ട്രിബ്യൂണലും വിധിച്ചിരുന്നു. കൂടാതെ മണ്‍സൂണ്‍ സമയത്ത് മണല്‍ വാരല്‍ നടത്താന്‍ പാടില്ലെന്ന നിയമലംഘനവും ഇവിടെ നടന്നിട്ടുണ്ടെന്ന് പരിസ്‌ഥിതി പ്രവര്‍ത്തകര്‍ പരാതിയില്‍ വ്യക്‌തമാക്കുന്നുണ്ട്. നിയമം ലഘിച്ച് വെള്ളിയാങ്കല്ല് പ്രദേശത്ത് നടത്തിയ മണല്‍ വാരല്‍ പരിസ്‌ഥിതി പ്രവര്‍ത്തകരും അധികൃതരും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇപ്പോള്‍ ചെറുതുരുത്തിയിൽ നടക്കുന്ന മണല്‍ വാരലും നിയമങ്ങളെല്ലാം ലംഘിച്ച് കൊണ്ടാണെന്നാണ് പരാതിയില്‍ വ്യക്‌തമാക്കുന്നത്.
Read also : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ









































