ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്‌സ്യൽ പൈലറ്റ്’ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 23-കാരിയായ കേംബ്രിജ് സ്വദേശിനി സാന്ദ്ര ജെൻസൺ. 21ആം വയസിൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടിയ സാന്ദ്ര, രണ്ടുവർഷം കൊണ്ട് A320യിൽ ഉൾപ്പടെ മുപ്പതിനായിരത്തിൽപ്പരം നോട്ടിക്കൽ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളും പറന്ന് അതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
മിഡിൽ ഈസ്‌റ്റ് ആസ്‌ഥാനമായുള്ള ജസീറ എയർവെയ്‌സിൽ പൈലറ്റായി സേവനം അനുഷ്‌ഠിക്കുന്ന സാന്ദ്ര ജെൻസൺ എറണാകുളം കാലടി സ്വദേശിനിയാണ്. രണ്ടാം വയസിലാണ് മാതാപിതാക്കളുടെ കൂടെ യുകെയിലേക്ക് വന്നത്. തന്റെ ‘എ’ ലെവൽ പഠനകാലത്ത് വർക്ക് എക്‌സ്‌പീരിയൻസ് നേടുന്നതിന് വ്യത്യസ്‌ത മേഖല എന്ന നിലയിൽ തിരഞ്ഞെടുത്തതാണ് എയർ ട്രാഫിക് കൺട്രോളർ എന്ന മേഖല.
ഇതിന്റെ ഹ്രസ്വ പരിശീലനത്തിന് ഒടുവിലാണ് ആകാശ പറക്കൽ എന്ന സ്വപ്‌നം ചിന്താധാരയിൽ മൊട്ടിട്ടതെന്ന് സാന്ദ്ര പറയുന്നു. പൈലറ്റാവാനുള്ള മോഹം തീക്ഷ്‌ണമായി വളർന്നപ്പോൾ അത് ഏറെ മാനസിക സമ്മർദ്ദത്തിലാക്കി. ഇതോടെ മാതാപിതാക്കളോട് കാര്യങ്ങൾ അവതരിപ്പിച്ചു. അവരുടെ ഭാഗത്ത് നിന്ന് കിട്ടിയ കട്ട സപ്പോർട്ടാണ് മോഹത്തിന് ചിറക് വച്ചതെന്ന് സാന്ദ്ര പറയുന്നു.
തന്റെ സ്വപ്‌നം യാഥാർഥ്യമാക്കുവാൻ നടത്തിയ നിതാന്തമായ പഠനവും, പരിശീലനവും, അർപ്പണ മനോഭാവത്തോടെയും ദൃഢനിശ്‌ചയത്തോടെയും കഠിനാധ്വാനത്തിലൂടെയും നടത്തിയ ചുവടുവെയ്‌പ്പും കുടുംബത്തിന്റെ പ്രോൽസാഹനവുമാണ് ഇന്നീ നിലയിലെത്താൻ സഹായിച്ചതെന്നും സാന്ദ്ര പറയുന്നു.
നമ്മുടെ അർപ്പണ ബോധത്തിനൊപ്പംതന്നെ കുടുംബത്തിന്റെ ശക്‌തമായ പിന്തുണ ഏറ്റവും അനിവാര്യമായ ഒരു മേഖല ആണ് പൈലറ്റ് പഠനമെന്നാണ് സാന്ദ്രയുടെ അഭിപ്രായം. പ്രത്യേകിച്ച് പഠനത്തിന് വലിയ സാമ്പത്തിക ചിലവ് വരും. സ്‌ത്രീയെന്ന നിലയിലും ഭാവിയിലെ കുടുംബജീവിത കാഴ്‌ചപ്പാടിൽ സമൂഹം കാണുന്ന പരിമിതികളും കണക്കാക്കുമ്പോൾ മാതാപിതാക്കളുടെ പിന്തുണ ഏറെ അനിവാര്യമാണ്.
എന്നാൽ, പുതിയ കാലഘട്ടത്തിൽ മാനുഷിക പരിഗണനയും, അവകാശവും, തൊഴിലിടങ്ങളിൽ വിലമതിക്കുകയും, കുടുംബത്തോടൊപ്പം നിത്യേന ഒത്തുചേരാനുമുള്ള സാഹചര്യവും ലഭ്യമാണെന്നാണ് സാന്ദ്ര പറയുന്നത്. പൈലറ്റിന്റെ ജോലി വെറും പറക്കൽ മാത്രമല്ല. ഓരോ യാത്രക്കാരനും സുരക്ഷിതമായി ലക്ഷ്യസ്‌ഥാനത്ത് എത്തിച്ചേരാൻ ഉറപ്പ് നൽകുന്നതാണ്. ആകാശം പോലെയാണ് ജീവിതം. അതിന് പരിധിയില്ല. ആഗ്രഹവും പരിശ്രമവും ഇച്‌ഛാശക്‌തിയും ഉണ്ടെങ്കിൽ ഏതിലും വിജയം ഉറപ്പാണെന്നും സാന്ദ്ര പറയുന്നു.
സാന്ദ്രയുടെ പിതാവ് ജെൻസൺ പോൾ ചേപ്പാല ഒക്കൽ കേംബ്രിജിൽ ട്രേഡിങ് ബിസിനസ് നടത്തിവരികയാണ്. മാതാവ് ഷിജി ജെൻസൺ ആൻഡൻബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ സീനിയർ നഴ്‌സായി ജോലി ചെയ്യുന്നു. മൂത്ത സഹോദരി സോണ ജെൻസൺ ഗ്യാസ് ഇൻഡസ്‌ട്രി അനലിസ്‌റ്റും, ഇളയ സഹോദരൻ ജോസഫ് കേംബ്രിജിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയുമാണ്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ